ഉള്ളടക്കത്തിലേക്ക് പോവുക

ജലം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഒരു ഓക്സിജൻ ആറ്റവും രണ്ട് ഹൈഡ്രജൻ ആറ്റവും ചേർന്നതാണ് ജലതന്മാത്ര. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും ജലം കാണപ്പെടുന്നു. ദ്രാവകാവസ്ഥയെ സൂചിപ്പിക്കാനാണ് ജലം എന്ന പദം ഉപയോഗിക്കുന്നത്. ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം അഥവാ വെള്ളം. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. കിണറുകൾ, പുഴകൾ, തടാകങ്ങൾ, സമുദ്രങ്ങൾ ഇവയിൽ ജലം നിറഞ്ഞിരിക്കുന്നു. ജീവജാലങ്ങളുടെയെല്ലാം ശരീരദ്രവങ്ങളുടെ മുഖ്യഘടകവും ജലമാണ്.

ചൊല്ലുകൾ

[തിരുത്തുക]
  • അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിന് ഇങ്ങുന്നേ ചെരിപ്പഴിക്കണോ
  • അച്ചന്റെ കിണറെന്നുപറഞ്ഞ് ഉപ്പുവെള്ളം കുടിക്കുക
  • അടങ്ങിക്കിടക്കുന്ന പട്ടിയേയും അടങ്ങാതെകിടക്കുന്ന വെള്ളത്തേയും പേടിക്കണം
  • അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
  • അത്തവെള്ളം പിത്തവെള്ളം
  • അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു
  • അട്ടകുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ
  • അണകടന്ന വെള്ളംനോക്കി അലച്ചിട്ടെന്താ
  • അന്തിക്കാകാത്ത പെണ്ണും ചന്തിക്കാകാത്ത വെള്ളവുമില്ല
  • അന്യസ്നേഹം മലവെള്ളം ഭർത്തൃസ്നേഹം നിലവെള്ളം
  • ആഴമുള്ള വെള്ളത്തിൽ ഓളമില്ല

അതീവ ബുദ്ധിമാന്മാരും ശക്തിമാന്മാരും പൊതുവേ അവരുടെ കഴിവ് വെറുതേ പ്രകടിപ്പിച്ച് നടക്കാറില്ല എന്നതിനെ സൂചിപ്പിക്കുന്നു.

  • ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം
  • ഇനം ഇനത്തിൽ ചേരും ഇരണ്ട വെള്ളത്തിൽ ചേരും
  • ഇരുമ്പുകുടിച്ച വെള്ളം തേട്ടുമോ?
  • ഇളംകാഞ്ഞവെള്ളം തൊടാത്തവളാണോ ഉടന്തടി ചാടുന്നത്
  • ഇറയ്ക്കെയിറയ്ക്കെ വെള്ളം കൊടുക്കെക്കൊടുക്കെ വിത്തം
  • ഉണ്ടുഴുക്കുവെള്ളം കുടിച്ചാൽ അന്നുഴക്കു ചോരയുണ്ടാകും
  • ഉപ്പു തിന്നവൻ വെള്ളം കുടിക്കും
  • ഉറുമ്പിന്നിറവെള്ളം സമുദ്രം
  • ഏരിയിലെ വെള്ളം സൂര്യായ നമഃ
  • ഏറെ അനന്തരവരുള്ള കാരണവർ വെള്ളമിറങ്ങിച്ചാവില്ല.
  • കട്ടപ്പാര വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ ദഹിക്കുമോ?
  • കരയ്ക്കും പോവില്ല, വെള്ളത്തിലും പോവില്ല, കയ്യേപിടിച്ചാൽ കരയുകയും ചെയ്യും
  • കലക്ക വെള്ളത്തിൽ മീൻപിടിക്കുക
  • കല്ലിനെ വെള്ളംതാങ്ങുമോ?
  • കള്ളിക്ക് വെള്ളം കണ്ണിൽ
  • കള്ളുഷാപ്പിൽ നിന്ന് വെള്ളം കുടിച്ചാലും കള്ളുകുടിച്ചെന്നേ പറയൂ
  • കറുകപ്പുഴയിലെ വെള്ളം കുടിക്കാൻ സാമൂതിരിയുടെ ശീട്ടുവേണോ
  • കാഞ്ഞ ഓട്ടിൽ വെള്ളമുറ്റിച്ച പോലെ
  • കാതലുറച്ച തടിയോട് വെള്ളംകൊണ്ട് തടിച്ച കൊമ്പുരുന്നിയാൽ കേട് കൊമ്പിനുതന്നെ
  • കാളയും വണ്ടിയും ഒത്താൽ മേടും വെള്ളവും ഉണ്ടോ?
  • കിഴക്കൻവെള്ളമിളകിവരുമ്പോൾ ചിറകെട്ടാറുണ്ടോ?
  • കുടം കമഴ്ത്തി വെള്ളമൊഴിച്ചിട്ടെന്താ
  • കുടിനീരിൽ നഞ്ചുകലക്കൽ
  • കുടിക്കുന്ന വെള്ളത്തിൽ കോലിട്ടിളക്കരുത്
  • കുതിരയെ വെള്ളംകാട്ടാം കുടിപ്പിക്കാനൊക്കുമോ?
  • കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും ആർക്കാ കഴിയാത്തത്
  • കൂറുകൂടിയ കാള വെള്ളം കുടിക്കില്ല
  • കൊള്ളിവച്ചവൻ വെള്ളം കോരുമോ?
  • കോരിയ കിണറ്റിലേ വെള്ളമൂറൂ
  • ക്ഷമയുള്ള മാടിന് തെളിഞ്ഞവെള്ളം കുടിക്കാം
  • ചിരട്ടയിലെ വെള്ളം, ഉറുമ്പിനു സമുദ്രം
  • ചുമ്മാ കിട്ടുമോ ചുക്കിട്ട വെള്ളം
  • ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
  • ചൂട്ടു കത്തിച്ചു കാട്ടീടിൽ കടൽ വെള്ളം തിളയ്ക്കുമോ
  • ചെവിയിൽവെള്ളം വെള്ളംകൊണ്ട്
  • ചേട്ടത്തിയനുജത്തിമക്കളും ചേമ്പിലപ്പുറത്തെ വെള്ളവും
  • തന്നൂർപേയും അയിലൂർ വെള്ളവും പേടി
  • തലയുള്ളേടത്തോളം കാലം മൂക്കിലെ വെള്ളം വറ്റില്ല
  • തവളയ്ക്കുമീതെ വെള്ളം പൊന്തുകയോ
  • തവള കരഞ്ഞാൽ പോത്ത് വെള്ളം കുടിക്കാതിരിക്കുമോ?
  • തവള തുടിച്ചാൽ വെള്ളം പൊന്തുമോ
  • തവളയുണ്ടോ വെള്ളത്തിൽ മുങ്ങിച്ചാവുന്നു
  • തള്ളവഴി പിള്ള, താണവഴി വെള്ളം
  • താഴ്ന്ന നിലത്തേ നീരോടൂ

വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്കേ ഒഴുകൂ എന്ന് പറയുന്ന ഈ ചൊല്ലിന്റെ സാരം വിനയം കൊണ്ട് താഴ്ന്ന് നിൽക്കുന്നവർക്കേ നന്മ വരൂ എന്നാണ്.

  • തിരിഞ്ഞഞ്ചടിക്ക് മഴപെയ്താൽ തിരുമുറ്റത്ത് വെള്ളം
  • തിരുവാതിര ഞാറ്റുവേലയ്ക്ക് വെള്ളം വന്നാൽ തിരുവോണം കണ്ടേ പോകൂ
  • തീപ്പിടിച്ച വീട്ടിൽ തീട്ടക്കുണ്ടിലെ വെള്ളം
  • തീയും വെള്ളവും ഒന്നിച്ചുകൊടുക്കുക
  • തുലാവെള്ളം തലയ്ക്കുമീതെ
  • തെളിഞ്ഞ വെള്ളം കലക്കരുത്
  • നഞ്ചുമരമായാലും നട്ടവൻ വെള്ളമൊഴിക്കും
  • നായ്ക്കാട്ടം ചവിട്ടുന്നതെന്തിന്, നല്ല വെള്ളമൊഴിച്ചു കഴുകുന്നതെന്തിന്
  • നീന്താൻ പഠിച്ചതിനുശേഷം വെള്ളത്തിലിറങ്ങാമെന്നുവച്ചാലോ?
  • നെല്ലിന് പായുന്ന വെള്ളം പുല്ലിനും പായും
  • നേരിൽ ചേർന്ന കള്ളം, മോരിൽ ചേർന്ന വെള്ളം
  • പക്ഷിക്കാകാശം ബലം, മീനിന് വെള്ളം ബലം, മരത്തിന് മണ്ണ് ബലം
  • പച്ചക്കലത്തിൽ വെള്ളമൊഴിച്ചുവച്ചാലോ?
  • പച്ചവെള്ളം ചവച്ചുകുടിക്കുന്ന സാധു
  • പച്ചവെള്ളത്തിന് തീപിടിച്ച പോലെ
  • പണം കഴുകി വെള്ളം കുടിക്കുക
  • പനിവെള്ളം പെരുകിയാൽ കപ്പലോടുമോ?
  • പശുവും പുലിയും കൂടി ഒരേ കടവിൽ വെള്ളം കുടിക്കുക
  • പറഞ്ഞുകൊടുത്ത ബുദ്ധിയും കോരിനിറച്ച വെള്ളവും
  • പല തുള്ളി പെരു വെള്ളം

പുഴയും കടലും ഉണ്ടായത് പല തുള്ളി ചേർന്നാണ്, അത് പോലെ കുറേ ആളുകൾ ചേർന്നാൽ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ പോലും എളുപ്പം ചെയ്തുതീർക്കാൻ പറ്റും.

  • പുണർതത്തിൽ പുഴവെള്ളം കേറും
  • പുഴ പഴയത്, വെള്ളം പുതിയത്
  • പെരുവെള്ളം ചേരുന്നേടം ചെറുതോടും ചേരും
  • പുരയ്ക്കുമീതെ വെള്ളം വന്നാൽ അതുക്ക്‌ മീതെ തോണി / തലയ്ക്കുമീതെ വെള്ളം വന്നാലതുക്കുമീതെ തോണി

ഏത്‌ സാഹചര്യത്തിലും ജീവിക്കാൻ ശീലിച്ചവരോട്‌ ബന്ധപ്പെട്ട ചൊല്ലാണ്‌ 'പുരയ്ക്കുമീതെ വെള്ളം വന്നാൽ അതുക്ക്‌ മീതെ തോണി' എന്നത്‌. അത്തരക്കാരുടെ ജീവിതം 'വെള്ളത്തിലെ ആമ്പൽ പോലെ'യാണെന്നും പറയും. വെള്ളം കൂടിയാലും കുറഞ്ഞാലും ആമ്പലില വെള്ളത്തിൽ പൊങ്ങിനിൽക്കും.

  • മണലിൽ പാർന്ന വെള്ളം പോലെ
  • മൺകുതിരയെ നമ്പി വെള്ളത്തിലിറങ്ങുന്ന പോലെ
  • മദം കൊണ്ട ആനയുണ്ടോ തീയും വെള്ളവും കാണുന്നു
  • മരം വച്ചാൽ വെള്ളം കോരണം
  • മല വിഴുങ്ങുന്ന പിശാചിന് മലവെള്ളം ചുക്ക്‌വെള്ളം
  • മലവെള്ളത്തിൽ തെളിവെള്ളമുണ്ടോ?
  • മുടപ്പുല്ല് മുക്കലംവെള്ളം തടയും
  • മുതലയുടെ മൂക്കിൽ വെള്ളമില്ലാതിരിക്കില്ല
  • മൂക്കിന് മേലെ വെള്ളം വന്നാൽ മൂന്നാൾക്കായാലെന്താ നാലാൾക്കായാലെന്താ?
  • മെല്ലനെ ചെല്ലുന്ന വെള്ളം കല്ലിനെ കുഴിക്കും
  • രാജാവിനൊടും വെള്ളത്തൊടും തീയൊടും ആനയൊടും കളിക്കരുത്
  • വടക്കൊട്ടയിൽ വെള്ളം കോരിക്കുക
  • വണ്ടിക്കാളയ്ക്കും പുല്ലും വെള്ളവുമധികം
  • വന്ന വെള്ളം നിന്ന വെള്ളത്തേയും കൊണ്ടുപോയി
  • വന്ന വെള്ളം പോകും നിന്ന വെള്ളം നിൽക്കും
  • വലിയ കലത്തിൽ വെള്ളമിട്ടു കാത്തിരിക്കുക
  • വിറ്റമാടിന് പുല്ലും വെള്ളവും അന്വേഷിക്കുക
  • വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
  • വെങ്ങനാട് നമ്പിടി വെള്ളത്തോട് വഴങ്ങില്ല
  • വെളിയിലപ്പുറത്ത് വീണ വെള്ളം പോലെ
  • വെളുക്കുവോളം വെള്ളം കോരീട്ട് കലമുടയ്ക്കുക
  • വെള്ളം കണ്ട പോത്തിനെ പോലെ

അതിയായ ആവേശം, അമിത പ്രിയം എന്നതിനെ സൂചിപ്പിക്കുന്നു.

  • വെള്ളമിറങ്ങി ചാകില്ല

കൊടിയ ക്രൂരത കാട്ടുന്നവരെ 'നീ വെള്ളമിറങ്ങി ചാകില്ല' എന്ന്‌ ശപിക്കാറുണ്ട്‌.

  • വെള്ളമില്ലാത്തിടത്ത്‌ മുങ്ങാനൊക്കുമോ?

ഈ ചൊല്ല്‌ പ്രതികൂല സാഹചര്യങ്ങളിൽ ഒരു കാര്യം നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടിനെയാണ്‌ സൂചിപ്പിക്കുന്നത്‌.

  • വെള്ളത്തിനോടും തീയോടും കളിക്കരുത്
  • വെള്ളത്തിനോട് കലഹിച്ചാൽ പൃഷ്ഠം നാറും
  • വെള്ളത്തിലടിച്ചാൽ വടിക്ക് കേട്
  • വെള്ളത്തിലാഴുന്നവന് പുല്ലും പിടിവള്ളി
  • വെള്ളത്തിലിറങ്ങാതെ നീന്തം പഠിക്കാനൊക്കുമോ?
  • വെള്ളത്തിലിറങ്ങീട്ടുവേണ്ടേ നീന്താൻ
  • വെള്ളത്തിലെ പോളപോലെ
  • വെള്ളത്തിൽ നിന്ന് കിട്ടിയ വെള്ളി വെള്ളത്തിൽ
  • വെള്ളത്തിൽ പൂട്ടാനും കൂട്ടത്തിൽ പാടാനും എല്ലാവർക്കും കഴിയും
  • വെള്ളത്തിൽ വരച്ച വരപോലെ
  • വെള്ളത്തിൽ വിളഞ്ഞ ഉപ്പ്, വെള്ളത്തിൽ തന്നെ അലിയും
  • വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമോ?
  • വെള്ളമാകാഞ്ഞാൽ തോണ്ടിക്കുടിക്കണം, നിലമാകാഞ്ഞാൽ നീങ്ങിയിരിക്കണം
  • വെള്ളമില്ലാത്ത ദിക്കിൽ വള്ളമോടുമോ?
  • വെള്ളമില്ലാത്തിടത്തെങ്ങനെ മുങ്ങും
  • വെള്ളമുണ്ടെങ്കിൽ വള്ളവുമുണ്ട്
  • വെള്ളമെന്ന് പറഞ്ഞാൽ തീ കെടുമോ
  • വെള്ളമേറീട്ടും ഭസ്മമേറീട്ടും കുറിതൊടാൻ വയ്യ.
  • വെള്ളമൊഴുകിപ്പോയതിനുശേഷം ചിറകെട്ടിയിട്ടെന്താ?
  • വെള്ളം കയറിയാൽ വള്ളമിറക്കണം.
  • വെള്ളം കാഞ്ഞതായാലും തീകെടുത്തും
  • വെള്ളം കീഴോട്ട്, തീ മേലോട്ട്
  • വെള്ളം കുടിച്ചു വറ്റാക്കുക
  • വെള്ളം കുഴിതേടും വിധി ബുദ്ധിതേടും
  • വെള്ളം പുതിയത്, പുഴ പഴയത്
  • വെള്ളം പോകുംവഴി മീനും
  • വെള്ളം പോയാൽ മീൻ തുള്ളും
  • വെള്ളം വറ്റിയേടത്ത് മീൻ കളിക്കുന്ന പോലെ
  • വെള്ളവും കോപവും താണേടത്തേക്ക്
  • വെള്ളവും വാക്കും അധികമാകരുത്

ശൈലികൾ

[തിരുത്തുക]
  • വെള്ളംകുടി മുട്ടി

നിത്യവൃത്തിയ്ക്ക്‌ മുട്ടുണ്ടാവുമ്പോൾ നിരാശയോടെ പറയുന്ന ചൊല്ലാണ് വെള്ളംകുടി മുട്ടിയെന്ന്‌.

  • വെള്ളം കുടിക്കുക / വെള്ളം കുടിപ്പിക്കുക

ഏറെ കഷ്ടപ്പെടുക /ഏറെ കഷ്ടപ്പെടുത്തുക. ക്ലാസ്സിൽ കയറാതെ നടന്നിട്ട് പരീകഷ വന്നപ്പോൾ വെള്ളം കുടിച്ചത് സ്വാഭാവികം മാത്രം.

ന്യയങ്ങൾ

[തിരുത്തുക]

കടങ്കഥകൾ

[തിരുത്തുക]
ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം.
തവള
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്ക് കഴുത്തററം വെള്ളം
ആമ്പൽപ്പൂവ്
ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല.
അഗ്നി
ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം.
തവള
എന്റച്ഛന്റെ കുളത്തിലെ വെള്ളം കോരീട്ടും കോരീട്ടും തീരണില്ല.
കടൽ
എല്ലാം തിന്നും എല്ലാം ദഹിക്കും, വെള്ളം തൊട്ടാൽ പത്തി താഴും.
തീ
എല്ലുണ്ട് വാലുണ്ട് വെള്ളം തടയാൻ കഴിവുണ്ട്.
കുട
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര.
ചെരുപ്പ്
കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.
തേങ്ങ
കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും.
തേങ്ങ
കോലിൽ തൂങ്ങും പൂമഴ വർഷം.
പൈപ്പുവെള്ളം
പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല.
വെള്ളം
മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
തേങ്ങ
മുട്ടോളം വെള്ളത്തിൽ ഒരു മൊട്ടച്ചി കൂത്താടുന്നു
നത്തങ്ങ(ഞവണിക്ക) വെള്ളത്തിൽ കാണുന്ന ഞവണിക്ക വെള്ളത്തിൽ ചലിക്കുന്നു

മൊഴികൾ

[തിരുത്തുക]

എന്റെ പുസ്തകങ്ങൾ വെള്ളം പോലെയാണ്‌, മഹാപ്രതിഭകളുടേത് വീഞ്ഞു പോലെയും. (ഭാഗ്യത്തിന്‌) വെള്ളം എല്ലാവരും കുടിക്കുന്നതുമാണ്‌.

മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചു തിന്നുന്ന അപ്പം രുചികരവും ആകുന്നു. (സദൃശ്യവാക്യങ്ങൾ 9:17)

രക്തം കഴുകി കളയേണ്ടത് വെള്ളം കൊണ്ടാണ്, രക്തംകൊണ്ടല്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
w
w
വിക്കിപീഡിയയിൽ ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്:
Commons
Commons
വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പെട്ട പ്രമാണങ്ങളുണ്ട്:
"https://ml.wikiquote.org/w/index.php?title=ജലം&oldid=27566" എന്ന താളിൽനിന്ന് ശേഖരിച്ചത്